ആനകള്‍ കൊല്ലപ്പെടുമ്പോള്‍
18-08-2021, നീലഗിരി ജില്ലയിലെ പന്തല്ലൂർ മജിസ്ട്രേറ്റ് കോടതി:- ഗൂഡല്ലൂരിനടുത്ത് ഒരു കൃഷിയിടത്തിലെ വൈദ്യുത വേലിയിൽനിന്ന് ഷോക്കേറ്റ് ആന ചെരിഞ്ഞ സംഭവത്തിന്‍റെ സാക്ഷിവിസ്താരം.
ഉച്ചവരെ കോടതിവരാന്തയിൽ ഒരുമിച്ചു കാത്തുനിന്നിരുന്ന ആ രണ്ട് കർഷകരാണ് കേസിലെ പ്രതികൾ എന്ന് എനിക്ക് മനസ്സിലായത് ഞാന്‍ സാക്ഷി പറയാനായി കോടതി മുറിയിൽ കയറിക്കഴിഞ്ഞപ്പോഴാണ്. ജഡ്ജിയുടെ ചോദ്യങ്ങൾക്ക് ഓരോന്നായി ഞാന്‍ മറുപടി കൊടുക്കുമ്പോൾ, കാഴ്ചയിൽ തന്നെ മനസ്സലിയിക്കും വിധം പാവം തോന്നുന്ന ആ രണ്ടു കർഷകരും ഇനിയെന്ത് എന്ന ചിന്തയിൽ കൈകൾ കെട്ടി തലതാഴ്ത്തി നിൽക്കുകയായിരുന്നു. ആറു വർഷം മുമ്പ് സംഭവം നടന്ന ദിവസം വയലിൽ ചരിഞ്ഞു കിടക്കുന്ന ആനയുടെ മുഖം കണ്ടപ്പോൾ അതിനോട് തോന്നിയ അതേ വികാരം തന്നെയാണ് എനിക്ക് അപ്പോള്‍ ആ കർഷകരുടെ മുഖത്തേക്കു നോക്കുമ്പോഴും തോന്നിയത്. സംഭവസ്ഥലം സന്ദർശിച്ച് ആനയുടെ പോസ്റ്റ്മോർട്ടത്തിൽ പങ്കെടുത്ത സന്നദ്ധ സംഘടനാ പ്രതിനിധി എന്ന നിലയ്ക്കാണ് ഞാനും ഇതില്‍ സാക്ഷിയാകുന്നത്. വേലിയിൽ നിന്നും ഷോക്കേറ്റാണ് ആന ചരിഞ്ഞത് എന്നതിന് എല്ലാ തെളിവുകളും അന്നുതന്നെ ലഭിച്ചിരുന്നു. സംഭവത്തിനു കാരണക്കാരായ ആളുകളെയും അന്നുതന്നെ വനംവകുപ്പ് തിരിച്ചറിഞ്ഞിരുന്നു. കോടതിമുറിയിൽ സാക്ഷി പറയുകയാണെങ്കിലും ആ സമയം ഞാന്‍ നിൽക്കുന്നത് ‘പ്രതിക്കൂട്ടിൽ’ തന്നെ ആണെന്നത് അവരുടെ മുഖത്ത് നോക്കിയപ്പോഴാണ് എനിക്കും തിരിച്ചറിയാനായത്. അപ്പോഴാണ്, ഇരുപതു വർഷത്തിലേറെയായി പ്രകൃതിയെ കുറിച്ചുള്ള ചിന്തകളും പഠനങ്ങളുമായി ജീവിച്ച ഒരാൾ എന്ന നിലയ്ക്ക് എൻറെ ചിന്തകൾ ഒരു കുറിപ്പായി എഴുതേണ്ടതുണ്ടെന്ന് എനിക്ക് തോന്നിയത്.
ഒരു സന്നദ്ധ സംഘടനാ പ്രതിനിധി എന്ന നിലയ്ക്ക്, കേരളം കർണാടകം തമിഴ്നാട് എന്നിവിടങ്ങളിൽ 2012 മുതൽ നടന്ന ഇത്തരം നിരവധി സംഭവങ്ങളിൽ എനിക്ക് പങ്കെടുക്കേണ്ടി വന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ സമാനമായ സംഭവങ്ങളെക്കുറിച്ചുള്ള വാർത്തകളെല്ലാം തന്നെ സൂക്ഷ്മതയോടെ മനസ്സിലാക്കാന്‍ ശ്രമിച്ചു. കൂടാതെ, ഇക്കാലയളവിൽ പശ്ചിമഘട്ടത്തിലെ കാടുകളിൽ അനേകം ആനകളെ നിരീക്ഷിക്കുകയും വിവിധ സ്ഥലങ്ങളിലായി ഒൻപത് ആനകൾക്ക് റേഡിയോ കോളർ ചെയ്ത് അവയെക്കുറിച്ച് കൂടുതൽ നിരീക്ഷിച്ചു പഠിക്കുന്നതിനും ശ്രമിച്ചിട്ടുണ്ട്. ഇതിനെല്ലാമുപരിയായി, പശ്ചിമഘട്ടത്തിലെ സാധാരണക്കാരായ ജനങ്ങളോടൊപ്പമുള്ള 40 വർഷത്തെ എന്‍റെ ജീവിതപരിചയവും കൂടിച്ചേര്‍ന്നതാണ് ഈ കുറിപ്പിന് ആധാരം.
കോടതിമുറിയിൽ ഓരം പറ്റി നിന്ന ആ രണ്ട് കർഷകര്‍ തന്നെയാവാം ഇതിലെ കുറ്റക്കാർ. എന്നിരുന്നാലും അതിലെ യഥാര്‍ത്ഥ പ്രതികൾ അവര്‍ മാത്രം ആയിരുന്നോ…?
വന്യജീവികളെ കൊണ്ടുള്ള ശല്യം സഹിക്കാൻ വയ്യാതെ വരുമ്പോള്‍ ശല്യവും ഉപദ്രവവും ആകുന്ന ജീവികളെ ആരുമറിയാതെ കൊല്ലുക എന്നതാണ് കര്‍ഷകര്‍ കണ്ടെത്തുന്ന പോംവഴി. അതിന് അവർ സ്വീകരിക്കുന്ന മാര്‍ഗ്ഗം വിഷം കൊടുത്തോ വെടിവെച്ചോ ഷോക്കടിപ്പിച്ചോ എങ്ങനെയും ആവാം. വിഷം കൊടുക്കുമ്പോഴും വേലിയിൽ വൈദ്യുതി കൊടുക്കുമ്പോഴും പലപ്പോഴും അവര്‍ ഉദ്ദേശിച്ച ജീവികള്‍ ആകണമെന്നില്ല ചാവുന്നത്. വേലിയില്‍ നേരിട്ട് വൈദ്യുതി കണക്ട് ചെയ്യുന്നവർ അധികവും ചെറിയ ജീവികളെ ലക്ഷ്യംവെച്ചായിരിക്കും അത് ചെയ്യുന്നത്. അവിചാരിതമായാണ് അതിൽ ആനകൾ ഇരകളാവുന്നത്. ഷോക്കേറ്റ് വീഴുന്നത് ആന പോലുള്ള വലിയ മൃഗങ്ങൾ ആവുമ്പോൾ അത് നീക്കം ചെയ്യാൻ കഴിയാതെ വരികയും പുറംലോകം അറിയുകയും ചെയ്യും. അതിനെ തുടർന്നുണ്ടാവുന്ന പ്രതിസന്ധികളെ കുറിച്ച് വ്യക്തമായ ധാരണ ഉള്ളവരാണ് ആളുകൾ അത്കൊണ്ടുതന്നെ അവർ ആനകളെ ലക്ഷ്യം വെച്ച് വേലികളിൽ വൈദ്യുതി കണക്ട് ചെയ്യാറില്ല. ഷോക്കേറ്റു ചാവുന്നത് ചെറിയ ജീവികൾ ആണെങ്കിൽ ആരും അറിയാതെ തന്നെ അതിനെ നീക്കം ചെയ്യുകയോ ഭക്ഷണം ആക്കുകയോ ചെയ്യാമെന്നതുകൊണ്ടാണ് ഇത്തരം നിയമ വിരുദ്ധമായ പ്രവൃത്തികള്‍ ആവര്‍ത്തിക്കപ്പെടുന്നതും സംരക്ഷണം അര്‍ഹിക്കുന്ന ജീവികള്‍ ഉള്‍പ്പെടെ കൊല ചെയ്യപ്പെടുകയും ചെയ്യുന്നത്. ഇത്തരം വേലികളിൽ നിന്ന് ഷോക്കേറ്റ് പലപ്പോഴും ആളുകൾ മരിക്കുന്നതും നമ്മൾ കാണാറുണ്ട്. ഇവിടെ നിയമം മറികടക്കുന്നവര്‍ ശിക്ഷിക്കപ്പെട്ടേ മതിയാവൂ.
എങ്ങനെയാണ് ആ ആന ചരിഞ്ഞത്?
എനർജൈസർ എന്ന ഉപകരണമുപയോഗിച്ചാണ് വൈദ്യുതി വേലികള്‍ പ്രവർത്തിപ്പിക്കേണ്ടത്. അതിനു പകരം ആ കര്‍ഷകര്‍ വീട്ടിലെ വൈദ്യുതി കണക്ഷൻ ഉപയോഗിച്ച് വേലിയിലേക്ക് നേരിട്ട് വൈദ്യുതി ബന്ധിപ്പിച്ചു. രാത്രിയിൽ ഭക്ഷണം അന്വേഷിച്ച് കൃഷിയിടത്തിൽ ഇറങ്ങിയ ആന ആ വേലിയിൽ തട്ടി ഷോക്കേറ്റ് തല്‍ക്ഷണം തന്നെ ചരിഞ്ഞു.
എന്തിനാണ് നിങ്ങൾ അത് ചെയ്തത് എന്ന് ചോദിച്ചാൽ വന്യജീവി ശല്യം സഹിക്കാൻ കഴിയാതെ വന്നപ്പോൾ ചെയ്തതാണ്. ആനയെ കൊല്ലണമെന്ന് കരുതിയിരുന്നില്ല എന്നതാവും അവരുടെ ഉത്തരം… എന്നാല്‍ തീര്‍ച്ചയായും എന്തിനെയോ കൊല്ലണമെന്നത് തന്നെയായിരിക്കാം അവര്‍ ഉദ്ദേശിച്ചിരുന്നത്. ഇതിന്‍റെ വരും വരായ്കകളെപ്പറ്റി ഒന്നും ചിന്തിക്കാതെ ഇങ്ങനെ ചെയ്യുന്നവരും ഉണ്ട്. കാരണം എന്ത് തന്നെ ആയാലും ജനങ്ങളുടെ സംയമനത്തിലൂടെയും സഹിഷ്ണുതയിലൂടെയും മാത്രമേ ഇത്തരം സംഭവങ്ങള്‍ ഇല്ലാതാക്കാനാവൂ. ആളുകൾ എത്ര സഹിഷ്ണുത ഉള്ളവർ ആണെങ്കിലും വന്യജീവികളെ കൊണ്ടുള്ള പ്രശ്നങ്ങൾ ഇല്ലാതാവുകയില്ല. മറിച്ച്, കാടിനോട് ചേര്‍ന്ന് ജീവിക്കുന്നവരുടെ സഹിഷ്ണുതാ മനോഭാവം വന്യജീവികൾക്ക് അനുകൂലമാണെന്നതിൽ സംശയവുമില്ല. കാടിന്‍റെയും ജനങ്ങളുടെയും സംരക്ഷണത്തിന്‍റെ ഉത്തരവാദിത്വം സർക്കാർ സംവിധാനത്തിനുണ്ട്. അതില്‍ പരാജയം സംഭവിക്കുമ്പോള്‍ ആളുകളിൽ അസഹിഷ്ണുത ഉണ്ടാകുന്നതും സ്വാഭാവികമാണ്. അതുകൊണ്ടുതന്നെ സർക്കാർ സംവിധാനം ഉത്തരവാദിത്വത്തോടെ കർമ്മനിരതമാവുമ്പോൾ മാത്രമേ ആളുകളിൽ സഹിഷ്ണുത ഉണ്ടാവുകയും വന്യജീവി സംരക്ഷണത്തിൽ അവരുടെ പങ്കാളിത്തം ലഭിക്കുകയും ഉള്ളൂ.
വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിന് നമുക്ക് മുന്നിലുള്ള പരിഹാരമാർഗ്ഗമായി ഇന്ന് നമ്മള്‍ സ്വീകരിച്ചിരിക്കുന്നത് പ്രശ്നക്കാരായ വന്യജീവികളെ നിയന്ത്രിക്കുക എന്നതാണ്. കർഷകർ അവരുടെ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് ചെയ്യാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നതും അതു തന്നെയാണ് ആണ്. വന്യജീവി പ്രശ്നങ്ങള്‍ ലഘൂകരിക്കുന്നതിനായി വന്യജീവികളെ നിയന്ത്രിക്കുക എന്നതിനര്‍ത്ഥം അവയുടെ എണ്ണം നിയന്ത്രിക്കുക എന്നതു മാത്രമല്ല. അവയെ തടയുക എന്നതുകൂടിയാണ്. ഒരു പ്രദേശത്തെ വന്യജീവികളുടെ എണ്ണം നിർണയിക്കപ്പെടുന്നത് അവിടുത്തെ പാരിസ്ഥിതിക പ്രത്യേകതകളിലൂടെയാണ്.
കാടിന്‍റെ ശോഷണം വന്യജീവികളെ എങ്ങനെയാണ് ബാധിക്കുന്നതെന്ന് ഇന്നും നമുക്ക് വ്യക്തമായ ധാരണയില്ല. നമുക്കറിയാം കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളിലായി പശ്ചിമ ഘട്ടത്തിലെ കാടുകളുടെ വിസ്തൃതി കുറയുകയും, തുണ്ടുതുണ്ടായി മുറിക്കപ്പെടുകയും, എകവിള തോട്ടങ്ങളാലും അധിനിവേശ സസ്യങ്ങളാലും, കാട്ടുതീയാലും മറ്റും കാടിന്‍റെ ഗുണത്തില്‍ ഗണ്യമായ കുറവ് വരികയും ചെയ്തിട്ടുണ്ട് എന്നത്. എന്നാല്‍ ഈ സാഹചര്യത്തിലും വന്യജീവി ശല്യത്തിനു കാരണക്കാരായ കുരങ്ങുകള്‍, പന്നികള്‍, ആനകള്‍, മാനുകള്‍, കടുവകള്‍ തുടങ്ങി പല ജീവികളുടെയും എണ്ണം നാട്ടിലും കാട്ടിലും എല്ലാം കൂടിയിട്ടേയുള്ളൂ എന്നാണ് പ്രാദേശിക ജനങ്ങളുടെ അഭിപ്രായം. ഈ സാഹചര്യത്തെ പരിഗണിച്ച് കാടുകളുടെ പുനസ്ഥാപനത്തിലൂടെ ഇവയുടെ എണ്ണം കുറയ്ക്കാന്‍ സാധിക്കുമോ എന്നും നമ്മള്‍ പഠിക്കേണ്ടതുണ്ട്. പരിസ്ഥിതി ശാസ്ത്രത്തിന്‍റെ അടിസ്ഥാന നിരീക്ഷണങ്ങളിലോന്നാണ് അടഞ്ഞ ഇലച്ചാര്‍ത്തുള്ള കാടുകളില്‍ പുല്ലിന്‍റെ വളര്‍ച്ച സാധ്യമല്ല എന്നത്. അങ്ങനെയെങ്കില്‍ വര്‍ഷത്തില്‍ രണ്ടു മണ്‍സൂണുകളിലായി സാമാന്യം നല്ല മഴ ലഭിക്കുന്ന പശ്ചിമ ഘട്ട പ്രദേശങ്ങളിലെല്ലാം സ്വാഭാവികമായും അടഞ്ഞ കാടുകള്‍ ഉണ്ടാവേണ്ടതും, അവിടങ്ങളില്‍ പുല്ലിനെ ആശ്രയിച്ചു വളരുന്ന വലിയ ജീവികളുടെയും അവയെ ആഹരിക്കുന്ന ഇരപിടിയന്മാരുടെയും എണ്ണവും കുറയുകയുമാണ് വേണ്ടത്. കാടുകളുടെ സ്വാഭാവികത നഷടപ്പെട്ടത് മേല്‍പ്പറഞ്ഞ ഏതെങ്കിലും ജീവികളുടെ എണ്ണം കൂടുന്നതിനു കൂടുന്നതിനു കാരണമാവുന്നുണ്ടോ എന്ന രീതിയില്‍ ഇവിടെ പഠനങ്ങളൊന്നും തന്നെ നടന്നിട്ടില്ല. വന്യജീവികളുടെ എണ്ണം കൂടുമ്പോഴാണ് കാടും പരിസ്ഥിതിയും മെച്ചപ്പെടുന്നത് എന്ന് നമുക്ക് എല്ലാ സാഹചര്യങ്ങളിലും പറയാനാവില്ല. അതുതന്നെ ഏതു ജീവിയുടെ എണ്ണം കൂടണം ഏതു കുറയണം എന്നതിനൊന്നും ശരിയായ തീരുമാനമെടുത്ത് അവയുടെ എണ്ണം നിയന്ത്രിക്കാൻ നമുക്ക് ശാസ്ത്രീയ പഠനങ്ങളുടെ പിന്‍ബലമില്ല.
നാളിതുവരെയുള്ള എന്‍റെ നിരീക്ഷണങ്ങളില്‍ നിന്നും എനിക്ക് മനസ്സിലായിട്ടുള്ള ഒരു കാര്യം പങ്കുവയ്ക്കാം. വയനാട് ജില്ലയില്‍ വന്യജീവി ശല്യം കൂടുതലുള്ള പ്രദേശമാണ് വയനാട് വന്യജീവി സങ്കേതവും അതിനോട് ചേര്‍ന്നുള്ള കാടുകളും അഥവാ ആനകളും മാനുകളും കടുവകളും ധാരാളമുള്ള കാടുകളാണ് ഇത്. എന്നാല്‍ പശ്ചിമ ഘട്ടത്തിലെ കാടുകളില്‍ സാധാരണ കാണുന്ന ജൈവ വൈവിധ്യം നമുക്കിവിടെ കാണാനാവില്ല. പ്രത്യേകിച്ചും പശ്ചിമ ഘട്ടത്തിലെ സ്ഥാനീയമായ സസ്യങ്ങളും ജന്തുക്കളും എണ്ണത്തിലും വൈവിധ്യത്തിലും താരതമ്യേന വളരെ കുറവുള്ള ഒരു പ്രദേശമാണ് ഇത്. ഇതിനെ പശ്ചിമ ഘട്ടത്തിലെ സ്വാഭാവികത നഷ്ടപ്പെടാത്ത കാടുകളുമായി താരതമ്യം ചെയ്‌താല്‍ ജീവികളിലും, സസ്യങ്ങളിലും, ജല സ്രോതസ്സുകളിലും കാടുകളിലെ ജല ചംക്രമണ വ്യവസ്ഥയിലുമെല്ലാം വലിയ വ്യത്യാസങ്ങള്‍ കാണാം.
എന്തായിരിക്കാം ഇതിനു കാരണം? ഇവിടുത്തെ പാരിസ്ഥിതിക ചരിത്രം പരിശോധിക്കുകയാണെങ്കില്‍ നമുക്കറിയാം പശ്ചിമ ഘട്ടത്തിലെ കാടുകളില്‍ ഒരു പക്ഷെ ഏറ്റവും കൂടുതലായി മനുഷ്യ ഇടപെടലുകള്‍ നടന്നിട്ടുള്ള കാടുകളാണ് ഇത്. കാട് വെട്ടിതെളിച്ചും കത്തിച്ചും വന്‍ മരങ്ങളെ തെരഞ്ഞു വെട്ടിയും അടക്കി വെട്ടിയും ഏകവിള തോട്ടങ്ങള്‍ പിടിപ്പിച്ചും നിരന്തരം മനുഷ്യന്‍ മാറ്റിമറിച്ച ഒരു ഭൂപ്രദേശമാണ് വയനാട് വന്യജീവി സങ്കേതം. കാട്ടുതീ ആണെങ്കില്‍ ഇന്നും നിബാധം തുടരുകയും ചെയ്യുന്നു. കൂടാതെ അധിനിവേശ സസ്യങ്ങളുടെ വ്യാപനത്താല്‍ കാടിന്‍റെ സ്വാഭാവികത തീര്‍ത്തും നഷ്ടപ്പെട്ടു. അതെ, ഇവിടെ ഇന്ന് നാം വയനാട് വന്യജീവി സങ്കേതത്തില്‍ കാണുന്നത് വലിയ തോതിലുള്ള മനുഷ്യ ഇടപെടലുകളിലൂടെ വലിയ രീതിയില്‍ മാറ്റം വന്ന കാടുകളാണ്. അതുകൊണ്ടുതന്നെയാവാം ഈ കാടുകളും അതിനോട് ചേര്‍ന്ന പ്രദേശങ്ങളും ജൈവ വൈവിധ്യത്തിന്‍റെ കാര്യത്തില്‍ വളരെ പിന്നോട്ട് പോവുകയും വന്യജീവി പ്രശ്നങ്ങളില്‍ കേരളത്തില്‍ തന്നെ ഏറ്റവും മുന്നില്‍ നില്‍ക്കുകയും ചെയ്യുന്നത്. അതുകൊണ്ടുതന്നെ പാരിസ്ഥിതിക പുന:സ്ഥാപനത്തിലൂടെ വന്യജീവികളുടെ എണ്ണം സന്തുലിതമാക്കുന്നതിനുള്ള സാധ്യതകളും നമുക്ക് മുന്നിലുണ്ട്. എന്നാല്‍ ഇതിനായി എന്തു ചെയ്യാനാവുമെന്ന ചിന്തയിലൂന്നിയ ശാസ്ത്രീയ അന്വേഷണങ്ങൾ ഇവിടെ ഇനിയും ഏറെ നടക്കേണ്ടതുണ്ട്.
ഈ സാഹചര്യത്തിലാണ് വന്യജീവി സംഘര്‍ഷത്തിനു പരിഹാരമായി ഒരു ജീവിയെ കൊല്ലേണ്ടി വരുമ്പോള്‍ അത് നിയമപരമായാല്‍ പോലും മനുഷ്യര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുണ്ടാവാന്‍ കാരണമാവുന്നത്.
നിയമങ്ങൾ ഒരേ സമയം പ്രകൃതിക്കും മനുഷ്യത്വത്തിനും നിരക്കുന്നതാവണം. നിയമവ്യവസ്ഥയും ഭരണസംവിധാനവും ഇതിൽ പരാജയപ്പെടുമ്പോഴാണ് ജനങ്ങൾ നിയമവിരുദ്ധമായ കാര്യങ്ങളിലൂടെ പ്രശ്നങ്ങള്‍ ലഘൂകരിക്കാൻ നിർബന്ധിതരാവുന്നത്. അതുകൊണ്ടുതന്നെ, കുടിയേറ്റ കർഷകർ എന്ന് വിളിച്ച് പ്രതികളെന്നു മുദ്രകുത്തി നമ്മൾ ആ രണ്ടു കർഷകർക്ക് നേരെ വിരൽചൂണ്ടുന്ന ഈ സമയത്ത് നമ്മുടെ നിയമ വ്യവസ്ഥയ്ക്ക് ഈ പ്രശ്നത്തിന്റെ യഥാർത്ഥ കാരണക്കാരെ പ്രതിക്കൂട്ടിൽ നിർത്താൻ കഴിയുന്നില്ല എന്ന് ആവര്‍ത്തിച്ചു പറഞ്ഞേ മതിയാവൂ…
വൈരനിര്യാതനത്തിനായി വന്യജീവികളെ കൊല്ലുകയെന്നതും ഇതിനു പരിഹാരമാവില്ല. മറിച്ച്, കൂടുതൽ വ്യക്തതയോടെ പ്രശ്നത്തിന്‍റെ അടിസ്ഥാന കാരണങ്ങളെ മനസ്സിലാക്കി, ജനങ്ങളുടെ അവകാശങ്ങളും കാടിന്‍റെയും വന്യജീവികളുടെയും പാരിസ്ഥിതിക മൂല്യങ്ങളും കണക്കിലെടുത്തു കൊണ്ടുള്ള നിയമനിർമ്മാണമാണ് ഇതിനു പരിഹാരം. നിർഭാഗ്യവശാൽ അതിനു സഹായകരമാവുന്ന ശാസ്ത്രീയ പഠനങ്ങളോ വിവര ശേഖരണമോ നാളിതു വരെ കേരളത്തിൽ നടന്നിട്ടില്ല. ഇതിനു വേണ്ട അടിസ്ഥാന വിവരങ്ങളായ ജീവികളുടെ എണ്ണവും സാന്ദ്രതയും അറിയാന്‍ വേണ്ട വിവരങ്ങൾ പോലും നമുക്കില്ല എന്നത് നമ്മുടെ ശാസ്ത്ര ലോകത്തിന്ന്‍റെയും അധികൃതരുടെയും അലംഭാവവും ദയനീയതയെയുമാണ് കാണിക്കുന്നത്.